പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാനായി ഫയൽ അദാലത്ത് സംഘടിപ്പിച്ചു. സെക്രട്ടേറിയറ്റിൽ മന്ത്രി  രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സാന്നിധ്യത്തിലാണ് ഫയൽ തീർപ്പാക്കൽ നടന്നത്.

പുരാവസ്തു വകുപ്പിൽ തീർപ്പാക്കാനുള്ള 5234 ഫയലുകളിൽ 2059, പുരാരേഖ വകുപ്പിലെ 1427 ഫയലിൽ 816, മ്യൂസിയം വകുപ്പിലെ 294 ഫയലിൽ 104 എന്നിവ തീർപ്പാക്കി. ബാക്കിയുള്ള ഫയലുകൾ ഈ മാസം 31 നു മുൻപ്  തീർപ്പാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു, അഡീഷണൽ സെക്രട്ടറി കെ. ഗീത, പുരാവസ്തു വകുപ്പ്  ഡയറക്ടർ കെ. ആർ. സോന, പുരാരേഖ വകുപ്പ് ഡയറക്ടർ ജെ. റെജികുമാർ, മ്യൂസിയം ഡയറക്ടർ എസ്. അബു, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.