കൊച്ചി – പരസ്പര സഹകരണത്തിന്‍റെ പാതയിലൂടെയുള്ള നെതര്‍ലാന്‍ഡ്സിന്‍റെയും ഇന്ത്യയുടെയും പ്രയാണം അനുസ്യൂതം തുടരുമെന്ന് നെതര്‍ലാന്‍ഡ്സ് രാജാവ് വില്യം അലക്സാണ്ടര്‍. രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിന് തുടക്കം കുറിച്ച് മട്ടാഞ്ചേരിയിലെ ഡച്ച് കൊട്ടാരത്തിലെത്തിയതായിരുന്നു രാജാവും രാജ്ഞി മാക്സിമയും.
നെതര്‍ലാന്‍ഡ്സും ഇന്ത്യയും സഹകരണ പാതയില്‍
സംസ്ഥാന പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍റെയും കൊച്ചി മേയര്‍ സൗമിനി ജയിന്‍റെയും നേതൃത്വത്തില്‍ ഡച്ച് വാസ്തുവിദ്യയില്‍ നവീകരിച്ച കൊട്ടാരത്തിലേക്ക് രാജാവിനെയും രാജ്ഞിയെയും സ്വീകരിച്ചു.
കൊട്ടാരത്തിലെ സ്വീകരണശാല, കിരീടധാരണശാല, മഹാരാജാക്കന്മാരുടെ ഉറക്കറ, പല്ലക്ക്  തുടങ്ങിയവ രാജദമ്പതികള്‍ വീക്ഷിച്ചു. കൊട്ടാരത്തിന്റെ ഘടന, വാസ്തുവിദ്യ,  കൊത്തുപണി എന്നിവയിൽ രാജാവ് വിസ്മയം പ്രകടിപ്പിച്ചു.
‘ഇന്ത്യയും നെതർലാൻഡ്സും: ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിൽ  കൊട്ടാരത്തിലെ ഛായാചിത്ര  ഹാളിൽ നടന്ന സെമിനാറിൽ അവർ പങ്കെടുത്തു.   കേരളത്തിൽ ഡച്ച് അധിനിവേശത്തിന്റെ സംഭാവനകൾ അടിസ്ഥാനമാക്കി സംസ്ഥാന പുരാവസ്തു വകുപ്പ് തയ്യാറാക്കിയ ഡോക്യുമെന്ററി ഇരുവരും  കണ്ടു.
നൂറ്റാണ്ടുകൾക്കു മുമ്പ് ഡച്ചുകാർ തയ്യാറാക്കിയ കേരള ഭൂപടത്തിന്റെ പ്രദർശനം കൊട്ടാരത്തിൽ വില്യം രാജാവ് ഉദ്ഘാടനം ചെയ്തു.   രാജസന്ദർശനത്തിന്റെ ഭാഗമായി കൊട്ടാരത്തിലെ ഡച്ച് ഗാലറിയിൽ നെതർലാൻഡ്സ്  നാഷണൽ ആർക്കൈവ്സ് മുൻകൈയെടുത്താണ്  ഭൂപടങ്ങൾ സ്ഥാപിച്ചത്.
വ്യാപാര ബന്ധങ്ങളുടെ ഭാഗമായി  ഇരു രാജ്യങ്ങളുടെയും കൈവശമുള്ള  പുരാരേഖകൾ പരസ്പരം കൈമാറുന്നതിനുള്ള ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടു.  കേരള ആർക്കൈവ്സ് ഡയറക്ടർ ജെ.രജികുമാർ, നെതർലാൻഡ്സ് നാഷണൽ ആർക്കൈവ്സ് ഡയറക്ടർ ഡി.ജി.മറെൻസ് ഏഞ്ചല്‍ഹാഡ് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.   രാജാവും രാജ്ഞിയും അതിന് സാക്ഷ്യം വഹിച്ചു.
വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, വിദേശകാര്യ മന്ത്രാലയ സ്പെഷ്യൽ ഓഫീസർ മൻജീത് സിങ്,  പൊതുഭരണ വകുപ്പ് സെക്രട്ടറി വിശ്വനാഥ്‌ സിൻഹ,   ഐ.ജി. വിജയ് സാക്കറേ, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജി. പൂങ്കുഴലി,  അസി. കളക്ടർ എം.എസ്.മാധവിക്കുട്ടി, സംസ്ഥാന പുരാവസ്തു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി.വേണു, അഡീ.സെക്രട്ടറി കെ.ഗീത,  ഡച്ച് സന്ദർശനത്തിന്റെ പ്രോജക്ട് ലീഡർ പെട്ര സ്മൾഡേഴ്സ്, പ്രോഗ്രാം ഡയറക്ടർമാരായ   ജിന്ന സ്മിത്ത്,  പോൾ മൂർസ്, പ്രോഗ്രാം മാനേജർ ജോൻ വാൻ ലെൻഗൻ, ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ജോയൻറ് ഡയറക്ടർ ഡോ.എം.നമ്പിരാജൻ, സൂപ്രണ്ട് കെ.പി.മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.
വ്യാപാര ബന്ധങ്ങളുടെ ഭാഗമായി  ഇരു രാജ്യങ്ങളുടെയും കൈവശമുള്ള  പുരാരേഖകൾ പരസ്പരം കൈമാറുന്നതിനുള്ള ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടു.  കേരള ആർക്കൈവ്സ് ഡയറക്ടർ ജെ.രജികുമാർ, നെതർലാൻഡ്സ് നാഷണൽ ആർക്കൈവ്സ് ഡയറക്ടർ ഡി.ജി.മറെൻസ് ഏൻഗൽഹഡ് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.   രാജാവും രാജ്ഞിയും അതിന് സാക്ഷ്യം വഹിച്ചു.