തിരുവാതിര ഞാറ്റുവേലക്ക് സംസ്ഥാനത്തുടനീളം ഞാറ്റുവേല ചന്തകളും കര്‍ഷക സഭകളും സംഘടിപ്പിക്കും
ഞാറ്റുവേലകളെ അടിസ്ഥാനപ്പെടുത്തിയുള്ള പരമ്പരാഗത കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനത്താകമാനം നടപ്പിലാക്കുന്ന ഞാറ്റുവേല ചന്തയും കർഷകസഭകളും പദ്ധതിക്ക് തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് തുടക്കമാകും. പൗരാണിക കാലം മുതൽക്കേ ഞാറ്റുവേല അടിസ്ഥാനമാക്കിയുള്ള കൃഷിരീതികൾക്ക് കേരളത്തിൽ വളരെയധികം പ്രാധാന്യം നൽകി വരുന്നു. അശ്വതി ഞാറ്റുവേല (2025 ഏപ്രില്‍ 14) മുതല്‍ തിരുവാതിര ഞാറ്റുവേല (2025 ജൂലൈ 5) വരെ നീണ്ടുനില്‍ക്കുന്ന രണ്ടര മാസക്കാലയളവിലാണ് കാർഷിക പ്രാധാന്യമായുള്ള ഞാറ്റുവേലകള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര എന്നീ ആറ് ഞാറ്റുവേലകളാണ് ഈ കാലയളവിലുള്ളത്. ഇതില്‍ തിരുവാതിര ഞാറ്റുവേലയാണ് ഏറ്റവും പ്രധാനം. കാര്‍ഷിക വിളകള്‍ നടുന്നതിനും വിത്ത് പാകുന്നതിനും ഈ കാലയളവ് വളരെ ഉത്തമമാണെന്ന് കരുതപ്പെടുന്നു. ഈ സമയത്ത് ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിന് കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഞാറ്റുവേല ചന്തകൾ. കൃഷി വകുപ്പ് ഉല്‍പ്പാദിപ്പിക്കുന്ന നടീല്‍ വസ്ത്രക്കള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടും കർഷകർക്ക് തമ്മിൽ വിത്ത് കൈമാറ്റത്തിനുള്ള വേദിയായുമാണ് ഞാറ്റുവേല ചന്തകൾ നടപ്പിലാക്കുക. കൃഷി ഭവന്റെ സേവനം താഴെത്തട്ടില്‍ ഫലപ്രദമാക്കുക, കാര്‍ഷിക വികസനത്തിലും ആസുത്രണത്തിലും കര്‍ഷകരെ പങ്കാളികളാക്കുക, കാര്‍ഷിക പദ്ധതികള്‍ സംബന്ധിച്ച് കൃഷിക്കാരെ ബോധവാന്മാരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഈ കാലയളവിൽ (ജൂൺ 22 മുതൽ ജൂലൈ 15 വരെ) കർഷകസഭകളും സംസ്ഥാനത്തുടനീളം നടത്തപ്പെടും. വിവിധ സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും കർഷകരുമായി ആശയ വിനിമയം നടത്തി ഫീൽഡ്‌തലത്തിലെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ എത്തിക എന്നതും പരിപാടിയുടെ ലക്ഷ്യമാണ്. ഓരോ കൃഷിഭവനിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ മറ്റു ജനപ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പദ്ധതി നടപ്പിലാക്കും.