കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച രാസവള വില വർധനവ് രാജ്യത്തെ കാർഷിക മേഖലയെ സാരമായി ബാധിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. പൊട്ടാഷിന് (MOP) ചാക്കിന് 250 രൂപയും diammonium phosphate (DAP)-ന് 150 രൂപയും NPK മിശ്രിത വളങ്ങൾക്ക് 250 രൂപാ വരെയും ആണ് വില വർധനവ് ഉണ്ടായിരിക്കുന്നത്. ഈ വിലവർദ്ധനവ് രാസവളങ്ങളുടെ സബ്സിഡിയിൽ കേന്ദ്രസർക്കാർ വെട്ടിക്കുറവ് വരുത്തിയത് മൂലമാണ്. 2023-24 ൽ ഫോസ്ഫേറ്റ്, പൊട്ടാഷ് വളങ്ങളുടെ കേന്ദ്രബഡ്ജറ്റ് വിഹിതം 60300 കോടി രൂപ ആയിരുന്നത് 2024-25 ൽ 52310 കോടി രൂപ ആക്കി കുറച്ചു. 2025- 26 ൽ ഇത് വീണ്ടും 49,000 കോടിയാക്കി വീണ്ടും കുറച്ചു. എന്നാൽ പൊട്ടാഷ് വളങ്ങളുടെ അന്താരാഷ്ട്ര വിലകുറഞ്ഞ വരികയുമാണ്. 2024 മെയ് മാസം മുതൽ 2025 മെയ് മാസം വരെ പൊട്ടാഷിന്റെ അന്താരാഷ്ട്ര വില sണ്ണിന് 319 ഡോളർ ആയിരുന്നത് ഇപ്പോൾ 283 ഡോളറായി കുറഞ്ഞിട്ടുണ്ട്. ഒരു വർഷം 11.2% കുറവാണ് പൊട്ടാഷ് വളങ്ങൾക്ക് അന്താരാഷ്ട്രപണിയിൽ ഉണ്ടായിട്ടുള്ളത്. ഈ വിലക്കുറവിന്റെ ആനുകൂല്യങ്ങൾ ഇന്ത്യയിലെ കർഷകർക്ക് നൽകുന്നില്ല എന്ന് മാത്രമല്ല വളം സബ്സിഡി കുറച്ചുകൊണ്ട് വിലവർദ്ധനവ് കർഷകരുടെ മുകളിൽ അടിച്ചേൽപ്പിക്കുകയും ചെയ്തിരിക്കുകയാണ്. പൊട്ടാഷ് പൂർണ്ണമായി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ . കേരളത്തിൽ 2022- 23 ൽ 39819 മെട്രിക് ടൺ ഫോസ്ഫേറ്റ് വളങ്ങൾ ഉപയോഗിച്ചിരുന്ന സ്ഥാനത്ത് വിലവർദ്ധനവ് കാരണം 2024-25 ൽ 33,210 മെട്രിക് ടൺ മാത്രമാണ് ഉപയോഗിച്ചത്. പൊട്ടാഷ് വളങ്ങൾ ഈ കാലയളവിൽ 64751 മെടിക് ടണ്ണിൽ നിന്ന് 59989 മെട്രിക് ടണ്ണായി കുറഞ്ഞു. ഇത് വിളകളുടെ ഉൽപാദനത്തേയും ഉൽപ്പാദന ക്ഷമതെയെയും ബാധിക്കുന്നതോടൊപ്പം കർഷകരുടെ വരുമാനത്തേയും പ്രതികൂലമായി ബാധിക്കുന്നു. കൃഷി ചെലവ് അമിതമായി വർദ്ധിക്കുവാനും കാരണമാകുന്നു. 2024-ൽ നെല്ല് ഉത്പാദന ചെലവ് ഒരേക്കറിന് 28,000 രൂപാ ആയിരുന്നെങ്കിൽ ഇപ്പോൾ അത് 40,000 രൂപാ കവിയുകയാണ്. തെങ്ങിൻ്റെയും മറ്റു കൃഷികളുടേയും സ്ഥിതി ഇതു തന്നെയാണ്. മന്ത്രി പറഞ്ഞു.
കേരളത്തിൽ ചെറുകിട കർഷകർ കൂടുതലാണ്. സബ്സിഡി അടിസ്ഥാനമാക്കിയ കൃഷി രീതികളാണ് കേരളത്തിൽ കാലങ്ങളായി ഫലപ്രദമായി നടന്നു വരുന്നത്. കേന്ദ്രസർക്കാർ വളവില കൂട്ടിയതോടെ കൃഷി ഒട്ടും ലാഭകരമാകില്ലെന്ന് ഉറപ്പാണ്. സംസ്ഥാനത്തെ കാർഷിക വിപണിയിലും കാർഷിക മേഖലയെ ആശ്രയിച്ചു കഴിയുന്നവരിലും ഇത് വലിയ സമ്മർദ്ദം ഉണ്ടാക്കും. കേന്ദ്രം ഈ തീരുമാനം പുനപരിശോധിക്കണം. കർഷകവിരുദ്ധമായ ഈ നിലപാടുകൾ അവസാനിപ്പിക്കണം. കാർഷിക മേഖലയെ തുണയ്ക്കുന്നതിനു കൂടുതൽ തുകയും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കണം. അല്ലെങ്കിൽ ഇനിയുള്ള വർഷങ്ങളിൽ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ തന്നെ ചോദ്യം ചെയ്യപ്പെടും,” പി. പ്രസാദ് പറഞ്ഞു.