കേരളാ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എഴുതുന്നു…
‘ലക്ഷദ്വീപ് നിവാസികള്‍ മാസങ്ങളായി യാത്ര ദുരിതത്തിലാണ്. ഈ പരിഷ്‌കൃത ലോകത്തും രോഗികളും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഒരു ജനത പ്രാഥമിക യാത്രാസൗകര്യങ്ങള്‍ പോലും ലഭ്യമല്ലാതെ നരകയാതന അനുഭവിക്കുകയാണ്. തുറമുഖ വകുപ്പിന്റെ നേരിട്ടുള്ള ഉത്തരവാദിത്വത്തില്‍ അല്ലെങ്കിലും ഈ വിഷയത്തില്‍ വകുപ്പിന്റെ സഹായമഭ്യര്‍ത്ഥിച്ച് സാമൂഹ്യ പ്രവര്‍ത്തകയായ ആയിഷ സുല്‍ത്താന ഉള്‍പ്പടെ നിരവധിപേര്‍ ബന്ധപ്പെട്ടിരുന്നു. ഓരോ ഘട്ടങ്ങളിലും എന്റെ ഓഫീസ് ലക്ഷദ്വീപ് അധികൃതരുമായി ബന്ധപ്പെട്ട് സാധ്യമായ പരിഹാരങ്ങള്‍ക്ക് നിരന്തരം ശ്രമിച്ചിരുന്നു. സര്‍വീസ് നടത്തുന്ന 5 കപ്പലുകളില്‍ വലുതായ എംപി ലഗൂണ്‍ മാസങ്ങളായി ഡ്രൈഡ്രോക്കിലാണ്. കൊച്ചിന്‍ ഷിപ്പിയാര്‍ഡിലെ അധികൃതരുമായി ഈ വിഷയം സംസാരിച്ചിരുന്നു. കപ്പല്‍ ഇന്ന് ഡ്രൈഡ്രോക്കില്‍ നിന്നും പുറത്ത് വരും. മറ്റു പരിശോധനകള്‍ കൂടി പൂര്‍ത്തിയാക്കി ജൂലൈ 7ന് കപ്പല്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം ചരക്കുനീക്കം സുഖകരമാക്കാന്‍ 600 എം ടി ക്യാരേജ് ശേഷിയുള്ള എംവി ഉബൈദുള്ള, എംവി ലക്കദ്വീപ് എന്നീ ബാര്‍ജുകള്‍ സര്‍വീസ് തുടങ്ങിയിട്ടുണ്ട്. നിലവില്‍ സര്‍വീസ് ബ്രേക്ക് ആയി കിടക്കുന്ന എംവി കവരത്തിയുടെ സ്‌പെയര്‍ പാര്‍ട്‌സ് ഒരു മാസത്തിനകം എത്തിച്ചു സര്‍വീസ് തുടങ്ങുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. നിലവില്‍ അറേബ്യന്‍സീയും, എംവി കോറലും സര്‍വീസ് നടത്തുന്നുണ്ട്. കേരളത്തോട് എല്ലാ അര്‍ത്ഥത്തിലും ചേര്‍ന്നുകിടക്കുന്ന ദ്വീപ്‌സമൂഹത്തിന്റെ യാത്രാക്ലേശം ശാശ്വതമായി പരിഹരിക്കാനും കൂടുതല്‍ നവീനമാക്കാനും കേരള സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായങ്ങളും തുടര്‍ന്നും നല്‍കും. പൊന്നാനി, കൊല്ലം, ബേപ്പൂര്‍ തുറമുഖങ്ങളില്‍ നിന്നും ലക്ഷദ്വീപിലേക്കുള്ള യാത്രകപ്പല്‍ സര്‍വ്വീസ് ആരംഭിക്കുന്നതിനായിട്ടുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.’