നടപ്പാത നിർമാണത്തിന് ജില്ലാ പഞ്ചായത്തുമായി ധാരണാപത്രം ഒപ്പുവയ്ക്കും
ചേറ്റുവ കോട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ പുരോഗതി വിലയിരുത്തി. ഏറെ ചരിത്രപ്രാധാന്യമുള്ളതും വിനോദ സഞ്ചാര കേന്ദ്രവുമായ ചേറ്റുവ കോട്ടയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്.
എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിൽ വെള്ളത്താൽ ചുറ്റപ്പെട്ട അഞ്ച് ഏക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന കോട്ടയുടെ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യഘട്ടത്തിൽ കോട്ടയുടെ പുറം ഭിത്തി നിർമാണം നടത്തിയിരുന്നു. കോട്ട സന്ദർശിക്കാനെത്തുന്ന വിനോദ സഞ്ചാരികൾക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി കോട്ടയുടെ കവാടത്തോട് ചേർന്ന് ഇരുവശങ്ങളിലുമായി നടപ്പാത ഒരുക്കും. ഇതുമായി ബന്ധപ്പെട്ട് പുരാവസ്തു വകുപ്പ് തൃശൂർ ജില്ലാ പഞ്ചായത്തുമായി ധാരണാ പത്രമുണ്ടാക്കും. കോട്ടയോട് ചേർന്നുള്ള ഒരു ഏക്കർ സ്ഥലം പ്രയോജനപ്പെടുത്തി ടൂറിസം സാധ്യതകൾ കൂടുതലായി ഉപയോഗപ്പെടത്താനും പദ്ധതിയുണ്ട്.