തിരൂരങ്ങാടി വില്ലേജ് ഓഫീസ് സൗകര്യപ്രദമായ പുതിയ സ്ഥലത്തേക്ക്
ആയിരക്കണക്കിന് പ്രദേശവാസികളുടെ ആശ്രയ കേന്ദ്രമായ തിരൂരങ്ങാടി വില്ലേജ് ഓഫീസ് സൗകര്യപ്രദമായ പുതിയ സ്ഥലത്തേക്ക് മാറുന്നതിന്റെ പ്രഥമഘട്ടം പൂര്‍ത്തിയായി. പുരാവസ്തു വകുപ്പിന്റെ ഹജൂര്‍ കച്ചേരിക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ഭൂമി ഡീനോട്ടിഫൈ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
ഇവിടെ ആധുനിക സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് വില്ലേജ് സ്ഥാപിക്കുന്നതിനാണ് ഈ നടപടി. നിലവില്‍ ചെമ്മാട് ബ്ലോക്‌റോഡ് ജംഗ്ഷനില്‍ ചുറ്റുമതിലോ, മതിയായ അടിസ്ഥാന സൗകര്യമോ ഇല്ലാതെ ദുരിത കേന്ദ്രമായിട്ടാണ് വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഓഫീസ് ആവശ്യത്തിനായി എത്തുന്ന സ്ത്രീകളും മുതിര്‍ന്നവരും തിരക്കുള്ള റോഡില്‍ മഴയും വെയിലും ഏറ്റ് വരിനിന്നാണ് ഓഫീസ് ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്. സ്ഥലപരിമിതിയാല്‍ ഉദ്യോഗസ്ഥരും കൊടിയ പ്രയാസത്തിലാണ്.
ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കി വരുന്ന ഗൗരവമായ പരിഗണനയുടെ ഭാഗമായാണ് ഭൂമി വിട്ടു നല്‍കിയത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പൊതുപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ഈ പ്രശ്‌നത്തിന് പരിഹാരം തേടി നല്‍കിയ അപേക്ഷകള്‍ കൂടി പരിഗണിച്ചാണ് ഈ തീരുമാനം.