വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനും സമീപ പ്രദേശങ്ങള്‍ക്കും വൈദ്യുതി എത്തിക്കുന്നതിനായി കാട്ടാക്കട സബ് സ്റ്റേഷനില്‍ നിന്നും ഏകദേശം 20 കി.മീ ദൂരത്തില്‍ 220 കെ.വി ട്രാന്‍സ്മിഷന്‍ ലൈന്‍ വൈദ്യുതി ബോര്‍ഡ് മുഖേന സര്‍ക്കാര്‍ സ്ഥാപിച്ചിരുന്നു. ഈ ട്രാന്‍സ്മിഷന്‍ ലൈനില്‍ നിന്നും തുറമുഖ പ്രവര്‍ത്തനത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിനായുള്ള പ്രധാന ഘടകമായ ഗ്യാസ് ഇന്‍സുലേറ്റഡ് ഇലക്ട്രിക്കല്‍ സബ്‌സ്റ്റേഷന്റെ ഉദ്ഘാടനം നടന്നു. സംസ്ഥാന സര്‍ക്കാര്‍ അദാനി വിഴിഞ്ഞം തുറമുഖ കമ്പനിയുമായി ചേര്‍ന്ന് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ നടപ്പിലാക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടല്‍ തുറമുഖ പദ്ധതിയുടെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. നിലവില്‍ പുലിമുട്ടിന്റെ നീളം 1800 മീറ്റര്‍ പൂര്‍ത്തിയായി. ഈ വര്‍ഷം അവസാനത്തോടെ തുറമുഖത്ത് ആദ്യ കപ്പല്‍ എത്തിക്കുന്ന തരത്തിലാണ് നിര്‍മ്മാണ പ്രവൃത്തികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്. കാലവര്‍ഷം സജീവമായതിനെ തുടര്‍ന്ന് വലിയ തിരകള്‍ ഉള്ളതിനാല്‍ ഇപ്പോള്‍ കടലില്‍ പാറ നിക്ഷേപം നടത്തി പുലിമുട്ടിന്റെ നിര്‍മ്മാണം നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്. അതുകൊണ്ട് പുലിമുട്ടിന്റെ ബലപ്പെടുത്തലും അക്രോപോടുകളുടെ വിന്യാസവുമാണ് ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്നത്. ബാര്‍ജുകള്‍ അടക്കമുള്ള നിര്‍മ്മാണ സാമഗ്രികള്‍ കൊല്ലം വിഴിഞ്ഞം തുറമുഖങ്ങളില്‍ സൂക്ഷിച്ചിരിക്കുകയാണ്. കടല്‍ ശാന്തമായാല്‍ ഉടന്‍ തന്നെ നിര്‍മ്മാണ പ്രവൃത്തികള്‍ ശക്തമായി പുനരാരംഭിക്കും.