വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് പുതിയ ലോഗോ
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ പുതിയ ബ്രാൻഡ് ലോഗോ പ്രകാശനം ചെയ്തു. ഒരു കപ്പൽ തുറമുഖത്തേക്കു പ്രവേശിക്കുന്ന ദൃശ്യത്തിൽനിന്നു ‘വി’ എന്ന ഇംഗ്ലിഷ് അക്ഷരത്തിന്റെ മാതൃകയിൽ തയാറാക്കിയ ലോഗോയിൽ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് തിരുവനന്തപുരം എന്ന് ആലേഖനം ചെയ്തിട്ടുണ്ട്.
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കപ്പെടുന്നതോടെ അന്താരാഷ്ട്ര മറൈൻ ട്രാൻസ്ഷിപ്മെന്റ് രംഗത്തു നാടിനു മുന്നിൽ അനന്ത സാധ്യതകൾ തുറക്കപ്പെടും. ഒക്ടോബർ ആദ്യ വാരം പ്രഥമ ചരക്കുകപ്പൽ വിഴിഞ്ഞം തുറമുഖത്ത് എത്തും.
സംസ്ഥാനത്തിന്റെ വ്യാവസായിക, ടൂറിസം രംഗങ്ങളിൽ വലിയ പുരോഗതിയുണ്ടാക്കുന്നതാണു വിഴിഞ്ഞം പദ്ധതി. പ്രത്യക്ഷമായ തൊഴിലുകളേക്കാൾ പരോക്ഷമായ സാമ്പത്തിക വളർച്ചയാണു വിഴിഞ്ഞം വഴി ലഭിക്കുക. തുറമുഖം കമ്മിഷൻ ചെയ്യുമ്പോഴുണ്ടാകുന്ന തൊഴിലവസരങ്ങളിൽ ഭൂരിഭാഗവും ഈ മേഖലയിലുള്ളവർക്കുതന്നെ നൽകാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി പ്രദേശവാസികൾക്കു സാങ്കേതികവൈദഗ്ധ്യം നൽകുന്നതിനു സർക്കാർ സ്ഥാപനമായ അസാപ് വഴി ട്രെയിനിങ് സെന്റർ ആരംഭിക്കാൻ നടപടിയെടുത്തിട്ടുണ്ട്. ഇതിനുള്ള കെട്ടിട നിർമാണം പൂർത്തിയായി. തുറമുഖ കമ്പനി തന്നെയാണു ട്രെയിനിങ് പാർട്ണർ. അവർ തുറമുഖത്തിന് ആവശ്യമായ പരിശീലനം നൽകി തുറമുഖത്തുതന്നെ ആളുകളെ നിയമിക്കും.
വിഴിഞ്ഞം യാഥാർഥ്യമാകുന്നതോടെയുണ്ടാകുന്ന അനന്തമായ വ്യവസായ, ടൂറിസം സാധ്യതകൾ സർക്കാർ സമഗ്രമായി പരിശോധിച്ചു നടപ്പാക്കുകയാണ്. തുറമുഖത്തിന്റെ പുതിയ വെബ്സൈറ്റും സോഷ്യൽ മീഡിയ ചാനലുകളും പ്രകാശനം ചെയ്തു.